കൊച്ചി വാഴക്കുളത്തെ മൊബൈൽ ഷോറൂമിൽ നിന്ന് രണ്ട് ലക്ഷം രൂപയും 13 മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ എടത്തല സ്വദേശിയായ യുവാവ് അറസ്റ്റിലായി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

കൊച്ചി: മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യറിനെ(34) ആണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് രാത്രിയാണ് സംഭവമുണ്ടായത്.

കടയുടെ മുൻ വശത്തുള്ള ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറിയ ശേഷമായിരുന്നു മോഷണം. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡിവിആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയതായി പറയുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവ് പിടിയിലാകുന്നത്.

മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിൻ്റെ നേതൃത്വത്തിൽ വാഴക്കുളം ഇൻസ്പെക്ടർ അനീഷ് എ, എസ്ഐമാരായ എസ്.എൻ സുമിത, പി.എസ് ജോജി, പ്രദീപ് മോൻ, എഎസ്ഐമാരായ സി.ടി ഗിരീഷ് കുമാർ, പി.വി അനൂപ്, സീനിയർ സിപിഒമാരായ വർഗീസ് ടി വേണാട്ട്, അക്ബർ അലി, സിപിഒമാരായ വിമൽ, ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.