സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചതോടെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്രസരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായി വൈകുന്നേരം 6-നും രാത്രി 11-നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഏപ്രിൽ 18ന് പീക്ക് സമയ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് ഉയർന്നുവെന്നും ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടിയെന്നും കെ എസ് ഇ ബി അറിയിച്ചു.
ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണെന്നും വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണെന്നും കെ എസ് ഇ ബി അറിയിച്ചു. ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കുമെന്നും കെ എസ് ഇ ബി ശ്രമിക്കുന്നത്.
ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എ സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണമെന്നും എ സിയുടെ താപനില 24- 26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങൾ ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.


