നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ
കൊല്ലം: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ആറു വർഷം മുൻപ് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നുമാണ് ചിത്രങ്ങൾ കൈക്കലാക്കിയത്.
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമ്മിച്ച് ഈ ചിത്രങ്ങൾ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചശേഷം മാതാവിന് അയച്ചുനൽകുകയായിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് തടയാൻ സഹായിക്കാമെന്നും അതിനായി 15 പവൻ സ്വർണം നൽകണമെന്നും അവിനാഷ് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംശയംതോന്നി പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വ്യാജ അക്കൗണ്ടിന് പിന്നിൽ അവിനാഷ് ആണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അവിനാഷിനെതിരെ വകുപ്പുതല നടപടികൾക്കും ശുപാർശ ചെയ്തിട്ടുണ്ട്.



