നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങളുള്ള ട്രെയ്‌ലർ വിവാദമായതോടെ, സിനിമയെ പ്രൊപ്പഗണ്ടയെന്ന് വിശേഷിപ്പിച്ച സംവിധായകൻ അനുരാഗ് കശ്യപിനെതിരെ കാമാഖ്യ രംഗത്തെത്തി. Kamakhya Narayan against Anurag Kashyap
കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി' വലിയ രീതിയിലുള്ള വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ 'ദി കേരള സ്റ്റോറി 2' എന്ന പേരിൽ കാമാഖ്യ നാരായൺ സിങ്ങ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുൾപ്പെടെ വിവാദമായ കുറെ രംഗങ്ങൾ ട്രെയ്‌ലറിലുണ്ട്. കേരള സ്റ്റോറി രണ്ടാം ഭാഗം ഒരു ബുൾഷിറ്റ് പ്രൊപ്പഗണ്ടയാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ അനുരാഗ് കശ്യപിനെ അധിക്ഷേപിച്ചും സിനിമയെ ന്യായീകരിച്ചും രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്.
അനുരാഗ് കശ്യപിന് മാനസിക പ്രശ്നമുണ്ടെന്നും, സമൂഹത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കാമാഖ്യ പറയുന്നത്. നെറ്റ്ഫ്ലിക്സിനോടും ബ്രാഹ്മണരോടും അടക്കം അനുരാഗ് കശ്യപിന് എല്ലാത്തിനോടും പ്രശ്നമാണെന്നും കാമാഖ്യ കൂട്ടിച്ചേർത്തു.
"അനുരാഗ് കശ്യപ് ജി പറയുന്നത് ആരും കിച്ഡി പോലും അങ്ങനെ കഴിപ്പിക്കില്ലെന്നാണ്. ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ലഡ്ഡു പോലും അങ്ങനെ കഴിപ്പിക്കാനാകില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍, നമ്മുടെ സമൂഹത്തില്‍, നിഷ്‌കളങ്കരായ നമ്മളുടെ പെണ്‍മക്കളെ ബീഫ് കഴിപ്പിക്കുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. അത് കുറ്റകൃത്യമാണ്. അനുരാഗ് കശ്യപിന് മാനസിക പ്രശ്‌നമുണ്ട്. അദ്ദേഹം മാനസികമായി ദുര്‍ബലനായി. എല്ലാത്തിനോടും പ്രശ്‌നമാണ്. ബ്രാഹ്മണന്മാരോട് പ്രശ്‌നമാണ്. നെറ്റ്ഫ്‌ളിക്‌സിനോട് പ്രശ്‌നമാണ്. ഫിലിം ഇന്‍ഡസ്ട്രിയോട് പ്രശ്‌നമാണ്. അയാൾക്ക് എല്ലാത്തിനോടും പ്രശ്നമാണ്." കാമാഖ്യ പറയുന്നു.
"ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകള്‍ക്കുമിടയിലെ അധാര്‍മികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃത സമൂഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള കാര്യമാണത്. ഏറെ നാളായി അദ്ദേഹത്തിന്റെ സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്റെ മാനസികാവസ്ഥ തകര്‍ന്നു. അദ്ദേഹത്തെ സമൂഹം ഇപ്പോള്‍ ഗൗരവ്വത്തിലെടുക്കുന്നില്ല. അദ്ദേഹത്തിന് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു." കാമാഖ്യ കൂട്ടിച്ചേർത്തു. എക്‌സിൽ പങ്കുവച്ച വീഡിയോയിലായിരുന്നു കാമാഖ്യയുടെ പ്രതികരണം.



