കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ വികസനമാണ് സാധ്യമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്.

കോട്ടയം : കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികള്‍ ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജോസ് കെ മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ വികസനമാണ് സാധ്യമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 1200 കോടി രൂപയുടെ വികസന പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയത്.

സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനം കൂടിയാണിത്. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളേജിനായതായും മന്ത്രി വ്യക്തമാക്കി.

സര്‍ജിക്കല്‍ ബ്ലോക്ക്

കിഫ്ബിയിലൂടെ 257 കോടി രൂപ ചെലവഴിച്ചാണ് 33,642 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് സജ്ജമാക്കിയത്. 526 കിടക്കകള്‍, 44 ഐസിയു കിടക്കകള്‍, 14 മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, 256 സ്ലൈസ് സിടി സ്‌കാന്‍, 3 ടെസ്ല എംആര്‍ഐ , ആധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍, ഫ്‌ളൂറോസ്‌കോപ്പി തുടങ്ങിയവ സജ്ജമാക്കി.

മെയിന്‍ഗേറ്റ് 

അത്യാഹിത വിഭാഗത്തിന് പ്രത്യേകമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രധാനകവാടം നിര്‍മ്മിച്ചത്.

കാത്ത്‌ലാബ് 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ രോഗികള്‍ക്ക് സഹായകരമാകാനാണ് 7.88 കോടി രൂപ ഉപയോഗിച്ച് രണ്ടാമത്തെ കാത്ത്‌ലാബ് സ്ഥാപിച്ചത്. ഇലക്‌ട്രോ ഫിസിയോളജി, മള്‍ട്ടി ഇമേജിംഗ് ഡിസ്‌പ്ലേ സൗകര്യങ്ങളുമുണ്ട്.

32 സ്ലൈസ് സിടിസ്‌കാന്‍

4.28 കോടി രൂപ മുടക്കിയാണ് കാന്‍സര്‍ ബ്ലോക്കില്‍ ആധുനിക 32 സ്ലൈസ് സിടി സ്‌കാന്‍ സജ്ജമാക്കിയിരിക്കുന്നത്.

സ്‌കിന്‍ബാങ്ക് - 64.57 ലക്ഷം

സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കിന്‍ ബാങ്കാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയത്. പൊള്ളല്‍ ചികിത്സയുടെ നിലവാരം ഉയര്‍ത്താനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും.

പാരാ മെഡിക്കല്‍ ഹോസ്റ്റല്‍

6 കോടി രൂപ ചെലവഴിച്ച് 4 നിലകളിലായി 5290 ച. മീ. വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. ആകെ 5 ബ്ലോക്കുകളുള്ള കെട്ടിടത്തിന്റെ 2 ബ്ലോക്കുകളുടെ ആദ്യ 2 നിലകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നവീകരിച്ച ഒ.പി 

1.25 കോടി രൂപ ചെലഴിച്ച് പഴയ ഒ.പി. ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍ നവീകരിച്ചു.

മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ്

1.20 കോടിചെലവിട്ട് ഗൈനക്കോളജി വിഭാഗത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് പരിചരണം നല്‍കുന്ന മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കി.

കോമ്പ്രിഹെന്‍സീവ് ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍

മുലപ്പാല്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനായാണ് 64.2 ലക്ഷം ചെലവിട്ട് കോമ്പ്രിഹെന്‍സീവ് ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

ക്രഷ് 60 ലക്ഷം

50 കുട്ടികളെ സംരക്ഷിക്കാനാകുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രഷാണ് സജ്ജമാക്കിയത്.

മറ്റ് പ്രധാന പദ്ധതികള്‍

കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ യൂണിറ്റ് - കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക് - 44ലക്ഷം

എക്കോ മെഷീന്‍ - കാര്‍ഡിയോളജി വിഭാഗം - 37 ലക്ഷം

സിആം മെഷീന്‍ - യൂറോളജി വിഭാഗം - 27 ലക്ഷം.

വെന്റിലേറ്റര്‍ - 83.42 ലക്ഷം.